ക്രൈം
13കാരിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയും 70കാരനും അടക്കം നാല് പേർക്ക് കഠിനതടവ്
പതിമൂന്ന്കാരിയെ രണ്ടാനമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസിൽ എഴുപതു കാരനും രണ്ടാനമ്മയുമുൾപ്പെടെ നാലു പേർക്ക് കഠിന തടവും പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി വിധിച്ചു. 10 വർഷം മുൻപ് നടന്ന സഭവത്തിലാണ് നിർണായക വിധി. 2013 ലാണ് കേസിനസ്പദമായ സംഭവം. അവധികാലത്തു വീട്ടിൽ എത്തിയ പെൺകുട്ടി തന്റെ രണ്ടാനച്ഛൻറെ ആദ്യ ഭാര്യ താമസിക്കുന്ന വീട്ടിൽ പോയി നിന്ന സമയത്താണ് സംഭവം.
കേസിലെ ഒന്നാം പ്രതിയായ രണ്ടാനമ്മയുടെ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്ന പ്രതികൾ ഇവരുടെ സഹായത്തോടെ ആണ് പല ദിവസങ്ങളിൽ പീഡിപ്പിച്ചത്. ആദ്യം ഒറ്റ കേസായാണ് രജിസ്റ്റർ ചെയ്തത്. പിന്നീട് പുനരന്വേക്ഷണം നടത്തി അഞ്ചു കേസുകളാക്കി മാറ്റി. ഇതിൽ മൂന്ന് കേസിലെ പ്രതികളെയാണ് ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി രണ്ടാനമ്മയെ രണ്ട് കേസുകളിലായി 42 വർഷം കഠിന തടവിനും 11000 രൂപ പിഴയും ശിക്ഷിച്ചു.
പിഴ ഒടുക്കിയില്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണം. രണ്ടു കേസുകളിലെയും വിവിധ വകുപ്പുകളിലെ ശിക്ഷയായ 10 വർഷം വീതം തടവ് അനുഭവിച്ചാൽ മതി. എന്നാൽ രണ്ട് കേസുകളിലും പത്തു വർഷം വീതം ആകെ ഇരുപതു വർഷം തടവ് അനുഭവിക്കണം എന്നും കോടതി വ്യക്തമാക്കി. കേസിലെ മറ്റു പ്രതികളും സഹോദരങ്ങളുമായ അറക്കുളം, കോഴിപ്പള്ളി ഭാഗത്തു ചീനിമൂട്ടിൽ വീട്ടിൽ വിനോദ്, മനോജ് എന്നിവർക്ക് 11 വർഷം വീതം കഠിന തടവും 6000 രൂപ വീതം പിഴയും വിധിച്ചു.
മറ്റൊരു കേസിലെ പ്രതിയായ കോളപ്ര കിഴക്കുമല ഭാഗം ഒറ്റക്കുറ്റിയിൽ വീട്ടിൽ 70 വയസുള്ള ശിവൻ കുട്ടിയെ അതിജീവിതയോടു മറ്റൊരു സ്ഥലത്ത് വച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ മൂന്ന് വർഷം കഠിന തടവിനും 5000 രൂപ പിഴ ഒടുക്കുന്നതിനും വിധിച്ചിരുന്നു. പിഴ തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചു.
കുട്ടിയുടെ പുനരധിവസത്തിനായി നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവിസിസ് അതോറിറ്റിട്ടിയോട് കോടതി നിർദ്ദേശിച്ചു. 2013 ൽ കുളമാവ് പൊലീസ് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിലും സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി. വെറുതെ വിട്ട പ്രതികൾക്കെതിരെ അപ്പീൽ ഫയൽ ചെയ്യുമെന്നും അറിയിച്ചു.