കേരളം
നാളെയും കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും തമിഴ്‌നാട് വെതര്‍മാന്‍. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പെയ്ത കനത്തമഴ വരും മണിക്കൂറുകളില്‍ ക്രമേണ കുറഞ്ഞുതുടങ്ങും. എന്നാല്‍ മധ്യകേരളത്തിലേക്കും വടക്കന്‍ കേരളത്തിലേക്കും മഴമേഘങ്ങള്‍ മാറുന്നതോടെ, ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും തമിഴ്‌നാട് വെതര്‍മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നിലവില്‍ കന്യാകുമാരിയില്‍ മഴയ്ക്ക് ശമനമുണ്ട്. എന്നാല്‍ നാളെ രാവിലെയോടെ മഴ വീണ്ടും ശക്തമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കുറവാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. തമിഴ്‌നാടിന്റെ വടക്കന്‍ ഉള്‍നാടുകളിലും ബംഗളൂരുവിലും അടുത്ത രണ്ടുദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നും തമിഴ്‌നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കക്കി, ഇടുക്കി ഡാമുകള്‍ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. നാല് ടീമുകള്‍ നാളെ രാവിലെയോടെ എത്തും. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ രണ്ട് ടീമുകള്‍ ആവശ്യമെങ്കില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് തയ്യാറാണ്.