കേരളം
സംസ്ഥാനത്ത് കാലവർഷം കനത്തേക്കും; ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം കനക്കാൻ സാധ്യത. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. 4, 5 തിയതികളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലർട്ട്. ആറിന് ഇടുക്കിയിൽ യെല്ലോ അലർട്ടാണ്. ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത് നിന്ന് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിച്ചിട്ടുണ്ട്.
ജൂൺ ആദ്യ ആഴ്ച തെക്കൻ കേരളത്തിൽ കാലവർഷം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഈ കാലയളവിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. മറ്റുള്ള ജില്ലകളിൽ ആദ്യം സാധാരണയെക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യത. രണ്ടാമത്തെ ആഴ്ചയിൽ എല്ലാ ജില്ലകളിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്നും പ്രവചനമുണ്ട്.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 03-06-2022 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.