കാലാവസ്ഥ
രാജ്യത്ത് രണ്ടര മാസം കൊടും ചൂട്, 20 ദിവസം വരെ നീളുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ്
രാജ്യത്ത് വരുന്ന രണ്ടര മാസം ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭൗമ മന്ത്രാലയം. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദ്ദേശമുണ്ട്. 20 ദിവസം വരെ നീണ്ടേക്കാവുന്ന ഉഷ്ണ തരംഗ സാധ്യതയുമുണ്ട്.
ഈ മാസം മുതൽ ജൂൺ വരെയാണ് കൊടും ചൂട് അനുഭവപ്പെടുകയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണയിലും ഉയർന്ന താപനില അനുഭവപ്പെടും. പടിഞ്ഞാറൻ ഹിമാലയൻ മേഖല, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, വടക്കൻ ഒഡിഷ എന്നിവിടങ്ങളിലും താപനില ഉയർന്നേക്കും.
ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, വടക്കൻ കർണാടക, രാജസ്ഥാൻ, ഒഡിഷ, വടക്കൻ ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായിരിക്കും ഉഷ്ണ തരംഗം കാര്യമായി ബാധിക്കുക. 10 മുതൽ 20 ദിവസം വരെ ഇവിടങ്ങളിൽ ഉഷ്ണ തരംഗം കാര്യമായി ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.