കേരളം
എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പാനിരക്ക് വീണ്ടും ഉയര്‍ത്തി
എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് ഉയര്‍ത്തി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ഇഎംഐ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു വര്‍ഷം വരെയുള്ള വായ്പകളുടെ പലിശനിരക്ക് 8.05 ശതമാനമായാണ് ഉയര്‍ന്നത്. പുതിയ നിരക്ക് ജൂലൈ ഏഴിന് പ്രാബല്യത്തില്‍ വന്നതായി ബാങ്ക് അറിയിച്ചു. മെയ്, ജൂണ്‍ മാസങ്ങളിലും എംസിഎല്‍ആര്‍ നിരക്ക് ബാങ്ക് ഉയര്‍ത്തിയിരുന്നു.
പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്ക് ഉയര്‍ത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എംസിഎല്‍ആര്‍ നിരക്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ചത്. മെയിലും ജൂണിലും യഥാക്രമം 25 ഉം 35 ഉം ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്.
എംസിഎല്‍ആര്‍ നിരക്ക് ഉയര്‍ത്തിയതോടെ, ആറുമാസം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 7.90 ശതമാനമായി ഉയര്‍ന്നു. രണ്ടു വര്‍ഷം കാലാവധിയുള്ളതിന് 8.15 ശതമാനമായും മൂന്ന് വര്‍ഷത്തിന് 8.25 ശതമാനമായുമാണ് പലിശനിരക്ക് ഉയര്‍ന്നത്.