ദേശീയം
കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ തിരക്കിട്ട നീക്കം
കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ തിരക്കിട്ട കൂടി ആലോചനകള്‍ തുടരുന്നു. ഇന്ന് വൈകിട്ട് ചേരുന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തേക്കും. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും എന്നാണ് സൂചന. വൈകുന്നേരം ആറിന് ബെംഗളൂരുവിലാണ് യോഗം. ഇതിന് പിന്നാലെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാന്‍ഡ് ആലോചന.
തര്‍ക്കമില്ലാതെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ന്ദീപ് സിങ്ങ് സുര്‍ജേവാല എന്നിവര്‍ ബെംഗളൂരുവില്‍ നേതാക്കളുമായി കൂടിയാലോചന നടത്തി.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയാണെങ്കില്‍ ഡി കെ ശിവകുമാര്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകും. അവസാന ടേം മുഖ്യമന്ത്രി പദവും ശിവകുമാറിന് ലഭിക്കും. ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യവുമായി അനുകൂലികള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാരെ തിരഞ്ഞെടുക്കുക എന്നതും അത്ര എളുപ്പമാകില്ല.
മലയാളികളായ എന്‍ എ ഹാരിസ്, കെ ജെ ജോര്‍ജ് എന്നിവര്‍ മന്ത്രിസഭയില്‍ ഇടം നേടിയേക്കും. അതേസമയം കോണ്‍ഗ്രസിന്റെ വിജയിച്ച 136 പേരും ഇന്നലെ രാത്രിയോടെ ബെംഗ്‌ളൂരുവില്‍ എത്തി. അതിനിടയില്‍ എഐസിസി അദ്ധ്യക്ഷന്‍ മല്ലിക അര്‍ജ്ജുന്‍ ഖാര്‍ഗെ സോണിയ ഗാന്ധിയെ കാണാന്‍ ന്യൂഡല്‍ഹിക്ക് തിരിച്ചു.