കേരളം
ഹർഷിനയ്ക്ക് നീതി; ഡോക്ടർമാരും നേഴ്‌സുമാരും ഉൾപ്പെടെ 4 പ്രതികൾ
പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു. കുന്നമംഗലം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 2 ഡോക്ടർമാരും 2 നേഴ്‌സുമാരും ഉൾപ്പെടെ 4 പ്രതികളാണുള്ളത്.
മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ രമേശൻ സി കെ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന എം, കോഴിക്കോട് മെഡിക്കൽ കോളേജ് ഐ എം സി എച്ചിലെ നഴ്സുമാരായ രഹന, മഞ്ജു കെ ജി എന്നിവരാണ് പ്രതികൾ.
ഹർഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതി ചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐ എം സി എച് മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.