കേരളം
മടങ്ങാന്‍ കൂട്ടാക്കാതെ ഹനുമാന്‍ കുരങ്ങ്; ‘നല്ല ഭംഗി, ഹനുമാനെപ്പോലുണ്ട്’ എന്ന് കാണികൾ
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപോയ ഹനുമാൻ കുരങ്ങ് മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിൽ തന്നെ തുടരുന്നു. കുരങ്ങിനെ നിരീക്ഷീക്കാനായി മൃഗശാല അധികൃതരും സ്ഥലത്ത് തുടരുകയാണ്. അതേസമയം കുരങ്ങിനെ അടുത്ത് കാണാൻ നിരവധി ആളുകളും എത്തുന്നുണ്ട്.
പത്ത് ദിവസമായി മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച ഹനുമാൻ കുരങ്ങ് ഒടുവിൽ നഗര ഹൃദയത്തിൽ. മസ്ക്കറ്റ് ഹോട്ടലിന് പിൻവശത്തെ പുളിമരത്തിലാണ് ഇന്നലെ വൈകീട്ട് മുതൽ കുരങ്ങ് നില ഉറപ്പിച്ചിരിക്കുന്നത്. ആവശ്യത്തിന് ഭക്ഷണം കിട്ടുന്നത് കൊണ്ടാണ് കുരങ്ങ് മണിക്കൂറുകളോളം ഈ മരത്തിൽ തന്നെ തുടരുന്നതെന്നാണ് മൃഗശാല അധികൃതരുടെ നിഗമനം. രണ്ട് ആനിമൽ കീപ്പർമാരെയാണ് നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മയക്ക് വെടി വച്ചോ വല വിരിച്ചോ കുരങ്ങിനെ പിടിക്കില്ല. കുരങ്ങിനെ കാക്കകൾ ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. നിലവിൽ ഹനുമാൻ കുരങ്ങിന്റെ ആരോഗ്യസ്ഥിൽ കാര്യമായി ആശങ്കകൾ ഇല്ല.
അതേസമയം, നഗരത്തിൽ കുരങ്ങ് എത്തിയതറിഞ്ഞ് നിരവധി ആളുകളാണ് മസ്ക്കറ്റ് ഹോട്ടൽ പരിസരത്തേക്ക് എത്തുന്നത്. ‘നല്ല ഭംഗിയുണ്ട്, ഹനുമാനെപ്പോലെ ഇരിക്കുന്നു’വെന്നാണ് കാണികൾ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് പെൺ ഹനുമാൻ മൃഗശാലയിൽ നിന്ന് ചാടിപോയത്. തിരുപ്പതി സുവോളിജിക്കൽ പാർക്കിൽ നിന്നാണ് രണ്ട് ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരത്തെത്തിച്ചത്. അതിവേഗത്തിൽ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടിപ്പോകാൻ കഴിവുള്ളതാണ് ഈ പെൺ ഹനുമാൻ കുരങ്ങ്. പൂക്കളും തളിരിലകളും ഒക്കെയാണ് ഈ കുരങ്ങുകൾ കഴിക്കുന്നത്.