കേരളം
ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം; പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് റൂറൽ എസ്.പി ഡി.ശില്പ
പൊലീസ് സ്റ്റേഷനിൽ വെച്ച് ലൈസോൾ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറൽ എസ്.പി ഡി. ശില്പ. പൊലീസിന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാലു വനിതാ പൊലീസുകാരുടെ സംരക്ഷണയിലായിരുന്നു ഗ്രീഷ്മ. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറി അല്ല ഗ്രീഷ്മ ഉപയോഗിച്ചത്. മറ്റൊരു ശുചിമുറിയിൽ കൊണ്ടുപോയത് പൊലീസിന്റെ ഗുരുതര വീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് വൈകാതെ ലഭിക്കും. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും റൂറൽ എസ്.പി വ്യക്തമാക്കി.
ലൈസോൾ കുടിച്ചതിനെ തുടർന്ന് നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോഴാണ് ലൈസോൾ കുടിച്ചത്. ഇക്കാര്യം പെൺകുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. പാറശാല ഷാരോൺ വധക്കേസിൽ കുടുംബം ഇന്ന് പൊലീസിന് മൊഴി നൽകാനെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ ഗ്രീഷ്മയ്ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണം ഉറച്ച് നിൽക്കുകയാണ് ഷാരോണിന്റെ അച്ഛൻ. അതിനിടയിലാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.
‘ഗ്രീഷ്മ എല്ലാ ദിവസവും മകനെ അങ്ങോട് വിളിക്കുമായിരുന്നു. വെട്ടുകാട് പള്ളിയിൽ പോയി താലികെട്ടി, സിന്ദൂരം തൊട്ടു. അങ്ങനെയാണ് ഞങ്ങൾ മനസിലാക്കുന്നത്. അവളുടെ അമ്മയ്ക്കും അമ്മാവനുമാണ് കൊലപാതകത്തിൽ പങ്ക്. അമ്മാവനാണ് സാധനം വാങ്ങി നൽകിയത്. അമ്മയുടെ പ്ലാനാണ് കൊലയ്ക്ക് പിന്നിൽ. ഷാരോൺ ഒരിക്കലും അവിടേക്ക് പോയി ബുദ്ധിമുട്ടിച്ചിട്ടില്ല. അവൻ എല്ലാം എന്നോട് തുറന്ന് പറയുമായിരുന്നു. താലികെട്ടിയത് മാത്രമേ മകൻ മറച്ച് വച്ചിട്ടുള്ളു. സിന്ദൂരം തൊട്ടതെല്ലാം പറഞ്ഞിട്ടുണ്ട്. ഒരിടയ്ക്ക് അവർ ബ്രേക്ക് അപ്പ് ആയിരുന്നു. പിന്നീട് ഗ്രീഷ്മ തന്നെയാണ് മകനോട് അടുത്തത്’- ഷാരോണിന്റെ അച്ഛൻ ജയരാജൻ പറയുന്നു.
തിരുവനന്തപുരം പാറശാലയിൽ ഷാരോണിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചത് ഇന്നലെയാണ്. നിലവിൽ കേസിൽ ഗ്രീഷ്മ മാത്രമാണ് പ്രതി. ശാസ്ത്രീയമായ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ട്. ഇന്നലെ 7 മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നു എന്നും എഡിജിപി പറഞ്ഞു.