കേരളം
ട്രഷറിയില്‍ പണമെത്തിക്കാന്‍ നെട്ടോട്ടമോടി സര്‍ക്കാര്‍; തനത് ഫണ്ട് നിക്ഷേപിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ധനവകുപ്പ്
മാര്‍ച്ച് അവസാനത്തേക്ക് വേണ്ട ചെലവിനായി ട്രഷറിയില്‍ പണമെത്തിക്കാന്‍ നെട്ടോട്ടമോടി സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ധനവകുപ്പ് ഉത്തരവിറക്കി. പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് ഇതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സാമ്പത്തികവര്‍ഷാവസാനമടുത്തതോടെ ട്രഷറിയില്‍ പരമാവധി പണമെത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഇതിനാണ് ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങളടെ സ്വന്തം വരുമാനത്തിലും കൈകടത്തുന്നത്. കെട്ടിട നികുതിയായും പെര്‍മിറ്റ് ഫീസായുമൊക്കെ പിരിച്ച പണമാണ് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട്. ഇത് ട്രഷറിയില്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കണമെന്ന് മുമ്പ് രണ്ടുതവണ ധനവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
എന്നിട്ടും മിക്ക തദ്ദേശസ്ഥാപനങ്ങളും ബാങ്കില്‍ തന്നെ തനതുഫണ്ട് സൂക്ഷിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ധനവകുപ്പ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ഇനിയും ലോക്കല്‍ ഗവണ്‍മെന്‍റ്സ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാത്ത പ്രാദേശിക സര്‍ക്കാരുകള്‍ അടിയന്തരമായി തുടങ്ങണമെന്നും തനതുഫണ്ട് അതില്‍ നിക്ഷേപിക്കണമെന്നും കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കുന്നെന്നാണ് സര്‍ക്കുലര്‍. ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പുമേധാവികളും ഡി.ഡി.ഒ മാരും തിങ്കളാഴ്ചയ്ക്ക് ശേഷം സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കില്ല. സാമ്പത്തിക വര്‍ഷാവസാനം കൂട്ടത്തോടെ ബില്ലുകള്‍ എത്തുന്നത് തടയാനാണ് ഈ തന്ത്രം.