കേരളം
ഗവര്‍ണറുടെ സുരക്ഷ: ഇന്ന് അവലോകന യോഗം
രാജ്ഭവന്റെയും ഗവര്‍ണറുടേയും സുരക്ഷയുമായി ബന്ധപ്പെട്ട അവലോകനയോഗം ഇന്ന് നടക്കും. സുരക്ഷയ്ക്ക് സിആര്‍പിഎഫിനെ കൂടി ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് യോഗം. രാജ്ഭവന്റെയും സിആര്‍പിഎഫിലേയും ഉദ്യോഗസ്ഥര്‍ മാത്രമാകും യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.
അവലോകനയോഗവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
രാജ്ഭവന്റെയും ഗവര്‍ണറുടേയും സുരക്ഷയില്‍ പൊലീസും കേന്ദ്രസേനയും എന്തൊക്കെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്ന് യോഗത്തില്‍ തീരുമാനമായേക്കും.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് ഇസെഡ് പ്ലസ് സുരക്ഷ നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ റോഡിലിറങ്ങി പ്രതികരിച്ചതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ച് കൊണ്ടുള്ള കേന്ദ്ര തീരുമാനം.
ഗവർണറുടെ വ്യക്തിസുരക്ഷയ്ക്കാകും കേന്ദ്രസേന മുൻതൂക്കം നൽകുക. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ വിശിഷ്ടവ്യക്തിയെ എത്രയുംപെട്ടന്ന് സംഭവസ്ഥലത്തുനിന്ന് സി.ആർ.പി.എഫ് അംഗങ്ങൾ മാറ്റും. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ കേന്ദ്രസേനയിൽനിന്നുള്ള അംഗങ്ങളാകും. നീല സഫാരി സ്യൂട്ടണിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പകരം സി.ആർ.പി.എഫിന്റെ യൂണിഫോമിൽത്തന്നെയുള്ള, വി.ഐ.പി സുരക്ഷയിൽ പരിശീലനംലഭിച്ച ഉദ്യോഗസ്ഥരായിരിക്കും ഗവർണർക്കൊപ്പം ഉണ്ടാവുക.
60 സിആര്‍പിഎഫ് സൈനികരേയും 10 എന്‍എസ്ജി കമാന്‍ഡോകളേയും രാജ്ഭവനില്‍ നിയോഗിക്കും. എഴുപതുകള്‍ക്കു ശേഷം ആദ്യമായാണ് രാജ്ഭവന്‍ സുരക്ഷ കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കുന്നത്. ഗവര്‍ണറുടെ എസ്‌കോര്‍ട്ട് അടക്കമുള്ള സുരക്ഷ ചുമതലയും സിആര്‍പിഎഫ് ഏറ്റെടുക്കുമെന്നാണ് സൂചന.
എന്തെങ്കിലും പ്രതിഷേധങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് തടയുന്നതിലും പ്രതിഷേധക്കാരെ മാറ്റുന്നതിലും കേന്ദ്രസേന ഇടപെടില്ല. അത് സംസ്ഥാന പോലീസിന്റെ ചുമതലതന്നെയാകും. സംഭവങ്ങളുണ്ടായാൽ കേസെടുത്ത് അന്വേഷിക്കുന്നതും സംസ്ഥാന പോലീസായിരിക്കും.