കേരളം
കേരളത്തിലെ മന്ത്രിമാർക്ക് ഭീഷണിയുമായി ഗവർണർ
മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്.
കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാമന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചതെന്നാണ് വിവരം. ‘ഗവർണർക്ക് ആർഎസ്എസ് അജണ്ടയാണ്. തീരുമാനിക്കുന്നത് നടപ്പാക്കാം. സർവകലാശാല പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. സർവകലാശാല നിയമഭേദഗതി ബിൽ തടഞ്ഞുവച്ചയാളാണ് ഗവർണർ’ – മന്ത്രി വിമർശനം ഉന്നയിച്ചിരുന്നത്.
ഭരണകൂടത്തിന്റെ തലവൻ എന്ന നിലയിൽ ഗവർണറുടെ അനുമതിയോടെയാണ് മന്ത്രിമാരെ നിയമിക്കുന്നത്. എന്നാൽ, ഇത് സാങ്കേതികമായ ഒരു നടപടി മാത്രമാണ്. ഈ നടപടി സൂചിപ്പിച്ചാണ് ഗവർണറുടെ ഭീഷണി. മന്ത്രിമാർക്ക് തൽസ്ഥാനത്ത് തുടരാനടക്കം തടസമുണ്ടാക്കുമെന്ന അർഥത്തിലാണ് ഗവർണറുടെ ഭീഷണി.
നിലവിൽ ഡൽഹിയിലുള്ള ഗവർണറെ പെട്ടൊന്ന് പ്രകോപിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. സർക്കാറുമായുള്ള പോർമുഖം സജീവമാക്കി നിലനിർത്തുന്നതിന് പിറകിലെ രാഷ്ട്രീയ താൽപര്യങ്ങളടക്കം വരും ദിവസങ്ങളിൽ വ്യക്തമാകാനാണ് സാധ്യത. ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്.