ദേശീയം
ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാർ; ഇന്‍ഫോസിസ് മേധാവിയെ വിളിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ആദായനികുതി വകുപ്പിന്റെ പുതിയ ഇ- ഫയലിങ് പോര്‍ട്ടലില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ സംഭവിക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍ഫോസിസ് മേധാവിയെ കേന്ദ്രസര്‍ക്കാര്‍ വിളിപ്പിച്ചു.ഇ- ഫയലിങ് പോര്‍ട്ടല്‍ ആരംഭിച്ച് രണ്ടുമാസമായിട്ടും തകരാറുകള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ നാളെ വിശദീകരണം നല്‍കാന്‍ ഇന്‍ഫോസിസ് എംഡി സലില്‍ പരേഖിനോട് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടു.
തകരാറുമായി ബന്ധപ്പെട്ട് ജൂണില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്‍ഫോസിസാണ് ആദായനികുതി വകുപ്പിന്റെ പുതിയ ഇ- ഫയലിങ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തത്. രണ്ടരമാസം മുന്‍പ് പോര്‍ട്ടല്‍ ആരംഭിച്ചത് മുതല്‍ തുടര്‍ച്ചയായി സാങ്കേതിത പ്രശ്‌നങ്ങള്‍ കാണിക്കുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.
പോര്‍ട്ടല്‍ ആരംഭിച്ച് രണ്ടര മാസമായിട്ടും സാങ്കേതിക തകരാറുകള്‍ പരിഹരിക്കാത്തതിന് കാരണം ആവശ്യപ്പെട്ടാണ് ഇന്‍ഫോസിസ് മേധാവിയെ കേന്ദ്രസര്‍ക്കാര്‍ വിളിപ്പിച്ചത്. കഴിഞ്ഞ ദിവസം പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമാകുന്ന സ്ഥിതി വരെ ഉണ്ടായതായി ആദായനികുതി വകുപ്പ് അറിയിച്ചു. ജൂണ്‍ ഏഴിനാണ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രൊഫൈല്‍ പരിഷ്‌കരിക്കുക, പാസ് വേര്‍ഡ് മാറ്റുക തുടങ്ങി ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. പോര്‍ട്ടലിന് വേഗത കുറവാണ്, ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് തുടങ്ങി നിരവധി പരാതികളാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി അറിയിച്ചത്.