കേരളം
ദയാബായിയുടെ സമരത്തില്‍ ഇടപെട്ട് സര്‍ക്കാര്‍; ആവശ്യങ്ങള്‍ അംഗീകരിക്കും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി നടത്തുന്ന നിരാഹാര സമരത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. സമരസമിതിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചനടത്തി. ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്ന് മന്ത്രിമാരായ ആര്‍. ബിന്ദുവും വീണാ ജോര്‍ജും അറിയിച്ചു. സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കും. കാസര്‍കോട്ടെ ആശുപത്രി വികസനം സര്‍ക്കാരിന്റെ ലക്ഷ്യമാണ്. സമരം അവസാനിപ്പിക്കാമെന്ന് ദയാബായി ഉറപ്പ് നല്‍കിയതായും മന്ത്രി ബിന്ദു വ്യക്തമാക്കി.
അതേസമയം സര്‍ക്കാര്‍ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി മുഖേന ദയാബായി അറിയിച്ചു. മുന്‍പ് സമാനമായ പല ഉറപ്പുകളും സര്‍ക്കാര്‍ നല്‍കിയിരുന്നു, എന്നാല്‍ അതൊന്നും നടപ്പായില്ലെന്നും അവര്‍ പ്രതികരിച്ചു. നിലവില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലാണ് ദയാ ബായിയിലുള്ളത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരാനാണ് തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി.
ചർച്ചയുടെ ഭാഗമായി ആശുപത്രിയിലെത്തിയാണ് മന്ത്രിമാര്‍ ദയാബായിയെ കണ്ടത്. കാസര്‍കോട് ജില്ലയ്ക്ക് വേണ്ടിയും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടിയും സര്‍ക്കാര്‍ ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ ഇടപെടലുകള്‍ ചര്‍ച്ചചെയ്തു, ഫലപ്രദമായിരുന്നു കൂടിക്കാഴ്ചയെന്നാണ് മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്. സമരത്തിന്റെ ഭാഗമായി ഉന്നയിച്ചിരിക്കുന്ന എയിംസ് വിഷയത്തില്‍ സര്‍ക്കാര്‍ ഇതിനോടകം തീരുമാനമെടുത്തതാണ്. എയിംസിനായി കോഴിക്കോട് കിനാലൂരില്‍ സ്ഥലം കണ്ടെത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിക്കഴിഞ്ഞു. ഉന്നയിച്ച ബാക്കി ആവശ്യങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ആശുപത്രികളുമായി ചേര്‍ന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കും. കാസര്‍കോട്ടെ ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് വിശദീകരിച്ചു.