കേരളം
സെക്രട്ടേറിയറ്റില്‍ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വരുന്നു; എതിര്‍പ്പുമായി സംഘടനകള്‍
സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ സീറ്റുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നുണ്ട് എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സംവിധാനത്തിനെതിരെ ഉദ്യോഗസ്ഥരും സംഘടനകളും. അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വഴി ആയിരിക്കും ജീവനക്കാരെ നിരീക്ഷിക്കുക. ഏഴു മണിക്കൂറും ജീവനക്കാര്‍ സീറ്റിലുണ്ട് എന്നുറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പുതിയ സംവിധാനം നടപ്പിലാകുന്നതോടെ, ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരമണിക്കൂറിലേറെ പുറത്തുപോയാല്‍ അന്നത്തെ ദിവസം അവധിയായി കണക്കാക്കും. മറ്റു വകുപ്പുകളിലേക്കോ മറ്റോ പോകുകയാണെങ്കില്‍, അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രമേ അവധിയില്‍ നിന്നും ഒഴിവാകുകയുള്ളൂ.
പുതിയ സംവിധാനത്തിനെതിരെസിപിഎം അനുകൂല ജീവനക്കാരുടെ സംഘടനകള്‍ അടക്കം രംഗത്തെത്തി. ജീവനക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് പുതിയ സംവിധാനമെന്ന് സംഘടനകള്‍ പറയുന്നു. നിലവില്‍ പഞ്ചിംഗ് സിസ്റ്റം മാത്രമാണ് സെക്രട്ടേറിയറ്റിലുള്ളത്. ഉടന്‍ തന്നെ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കാനാണ് തീരുമാനം.
സെക്രട്ടേറിയറ്റില്‍ പലപ്പോഴും ജീവനക്കാരെ അവരുടെ കസേരകളില്‍ കാണാറില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് ജീവനക്കാരെ നിരീക്ഷിക്കാന്‍ സംവിധാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ജീവനക്കാര്‍ വൈകിയെത്തുന്നതും നേരത്തെ പോകുന്നതും തടയാനായി പഞ്ചിംഗ് സമ്പ്രദായവും നടപ്പാക്കിയിരുന്നു.