കേരളം
തൃശൂര്‍ പൂരത്തിന് ഒരാനപ്പുറത്ത് എഴുന്നെളളിപ്പ്; ആഘോഷം ഒഴിവാക്കി ഘടകക്ഷേത്രങ്ങള്‍
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ഘടകക്ഷേത്രങ്ങള്‍. തൃശൂര്‍ പൂരത്തിന് ഒരാനപ്പുറത്ത് പൂരം എഴുന്നെളളിപ്പ് നടത്താനാണ് ഘടകക്ഷേത്രങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
എട്ട് ഘടകക്ഷേത്രങ്ങളും പ്രതീകാത്മകമായാകും പൂരം നടത്തുക. അതേസമയം തൃശ്ശൂർ പൂരത്തിന് ചമയപ്രദർശനമൊഴികെയുള്ള എല്ലാ ചടങ്ങുകളും നടത്തും. ഘടകപൂരങ്ങളുടെ വരവും മഠത്തിൽവരവും ഇലഞ്ഞിത്തറമേളവും ഉണ്ടാകും.
തിരുവമ്പാടി വിഭാഗം ഒന്നോ രണ്ടോ സെറ്റ് കുടകളും പാറമേക്കാവ് വിഭാഗം നാലോ അഞ്ചോ സെറ്റ് കുടകളും മാത്രമേ മാറ്റൂ എന്നറിയിച്ചതിനാൽ കുടമാറ്റം പഴയ പ്രതാപത്തിൽ ഉണ്ടാവില്ല.
തിരുവമ്പാടി വിഭാഗം ഒരാനയും പാറമേക്കാവ് വിഭാഗം 15 ആനകളുമായി പൂരത്തിന് എത്തുന്നതിനാൽ ഇരുദേവിമാരുടെയും കൂടിക്കാഴ്‌ച എന്ന ചടങ്ങായി ഇത്തവണത്തെ തെക്കോട്ടിറക്കം ചുരുങ്ങും. 21-ന് നിശ്ചയിച്ചിരുന്ന സാമ്പിൾ വെടിക്കെട്ട് ഉണ്ടാവില്ല.