ദേശീയം
ജനറല്‍ നരവാനെ ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍
ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ എം എം നരവാനെയെ ഇന്ത്യന്‍ സൈന്യത്തിന്റെ ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചു. ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് വഹിച്ചിരുന്ന ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് (സി ഡി എസ്) പദവി തത്ക്കാലത്തേക്ക് ഒഴിച്ചിടും. ഇന്ത്യന്‍ സൈന്യത്തിലെ വിഭാഗങ്ങളായ കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ തലവന്മാരുടെ കമ്മിറ്റിയാണ് ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റി.
ഇവരില്‍ ഏറ്റവും മുതിര്‍ന്ന വ്യക്തി എന്ന നിലയിലാണ് നരവാനെയെ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. നേരത്തെ സി ഡി എസ് ആയിരുന്ന ബിപിന്‍ റാവത്ത് തന്നെയായിരുന്നു ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടേയും ചെയര്‍മാന്‍.
സി ഡി എസ് പദവിയില്‍ അടുത്തതായി ആര് വരുമെന്നതിനെ കുറിച്ച് സര്‍ക്കാര്‍ നിലവില്‍ മൗനം പാലിക്കുകയാണ്.ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ജനറല്‍ നരവാനെയ്ക്ക് തന്നെയാണ് കൂടുതലും സാദ്ധ്യത. വ്യോമസേന തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി സെപ്തംബര്‍ 30നും നാവിക സേന തലവന്‍ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ നവംബര്‍ 30നുമാണ് അവരവരുടെ ചുമതലകള്‍ ഏറ്റെടുത്തത്.
ഇന്ത്യയുടെ ആദ്യത്തെ സി ഡി എസ് ആയ ബിപിന്‍ റാവത്ത് ചുമതലയേറ്റതിന് ശേഷമാണ് ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കൂടി സി ഡി എസ് ഏറ്റെടുത്തത്. അതിന് മുമ്ബ് മൂന്ന് സേനാവിഭാഗങ്ങളിലെ തലവന്മാരില്‍ ഏറ്റവും മുതിര്‍ന്നയാളായിരുന്നു സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത്. നിലവിലെ അവസ്ഥയില്‍ പഴയ സംവിധാനത്തിലേക്കുള്ള താത്ക്കാലിക മടങ്ങിപ്പോക്കായി കേന്ദ്ര നീക്കത്തെ വ്യാഖ്യാനിക്കാമെങ്കിലും ഭാവിയില്‍ പുതിയ സി ഡി എസിനെ നിയമിക്കാനും സാദ്ധ്യതയുണ്ട്.