കേരളം
ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലന് അന്ത്യാഞ്ജലി; സംസ്കാരം ഇന്ന്
അന്തരിച്ച പ്രമുഖ സിനിമ നിർമാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലന് അന്ത്യഞ്‌ജലി. രാവിലെ 9 മണിയോടെ വഴുതക്കാട്ടെ ഫ്ലാറ്റിൽ എത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു. നടന്മാരായ ജഗദീഷ്, മണിയൻപിള്ള രാജു, നിർമ്മാതാക്കളായ ജി സുരേഷ് കുമാർ, രഞ്ജിത്ത്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രി ഷിബു ബേബി ജോൺ തുടങ്ങിയവർ വീട്ടിലെത്തി. അയ്യങ്കാളി ഹാളിലെ പൊതുദർശനത്തിന് ശേഷം അഞ്ചു മണിയോടെ തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‍കാരം. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയവേ ഇന്നലെ ഉച്ചയോടെയാണ് ഗാന്ധിമതി ബാലൻ അന്തരിച്ചത്.
എൺപതുകളിൽ പുറത്തിറങ്ങിയ മുപ്പത്തോളം മലയാള ചലച്ചിത്രങ്ങളുടെ നിർമാണ – വിതരണം ഗാന്ധിമതി ഫിലംസിന്റെ ബാനറിൽ ബാലൻ ആണ് നിർവഹിച്ചത്. ആദാമിന്റെ വാരിയെല്ല് , പഞ്ചവടിപ്പാലം, മൂന്നാം പക്കം , തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താമുദയം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച് , അതിൽ വിജയിച്ച അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.
63ആം വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി. ഇവന്‍റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ച ഒരു മികച്ച സംഘാടകൻ ആയിരുന്നു.
മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡായി വളർത്തി. ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലൻ . പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു. ബാലൻ വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.