കേരളം
പ്രിയകവി സുഗതകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ശാന്തികവാടത്തിൽ
മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ശാന്തികവാടത്തിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും സംസ്കാരം നടത്തുക.
ഇതിന് മുമ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കും. ടീച്ചറുടെ കുടുംബാംഗങ്ങൾ അയ്യൻകാളി ഹാളിലുണ്ടാവും.
Read also: സുഗതകുമാരി ടീച്ചർ അന്തരിച്ചു
നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സുഗതകുമാരിയുടെ മൃതദേഹം ഉള്ളത്. മൂന്നരയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടു പോകും. മരിച്ചാൽ ഉടൻ തന്നെ സംസ്കാരം നടത്തണമെന്നും പൊതുദർശനവും പുഷ്പാർച്ചനയും പോലുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്നും സുഗതകുമാരി നേരത്തെ തന്നെ അറിയിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് രാവിലെ 10:52നാണ് സുഗതകുമാരി ടീച്ചർ മരിച്ചത്. കൊവിഡ് ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചതാണ് മരണ കാരണം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ പരിചരണത്തിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദരാഞ്ജലികൾ അർപ്പിച്ച് സാംസ്കാരിക കേരളം.
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു.
സുഗതകുമാരിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ സീരിയൽ താരങ്ങൾ രംഗത്ത്. മനുഷ്യനും മരങ്ങൾക്കും ജീവജാലങ്ങൾക്കും വേണ്ടി ജീവിച്ച സുഗതകുമാരിക്ക് കണ്ണീർ പ്രണാമങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ വരികൾ ഉദ്ഘോഷിച്ചുകൊണ്ടാണ് പ്രിയകവിയിത്രിയ്ക്ക് വിട ചൊല്ലുന്നത്.
ആദരാജ്ഞലികൾ അർപ്പിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പ്രിയദർശിനി നിനക്കുറങ്ങാമിനിശ്ശാന്തം എന്ന് തുടങ്ങുന്ന സുഗതകുമാരി രചിച്ച കവിതയിലെ ചില വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ശാരദക്കുട്ടി സുഗതകുമാരിയുടെ മരണവാർത്തയോട് പ്രതികരിച്ചിട്ടുള്ളത്