കേരളം
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ പേര് വെളിപ്പെടുത്തണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാഷ്ട്രീയപാര്‍ട്ടികള്‍ക്കു പേരു വെളിപ്പെടുത്താത്തവരില്‍നിന്നു സ്വീകരിക്കാവുന്ന സംഭാവനയുടെ പരിധി രണ്ടായിരം രൂപയായി കുറയ്ക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. വര്‍ഷത്തില്‍ പണമായി സ്വീകരിക്കാവുന്ന സംഭാവന 20 കോടിയായി നിജപ്പെടുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര നിയമ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.
നിലവില്‍ 20,000 രൂപയാണ്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പേരു വെളിപ്പെടുത്താവരില്‍നിന്നു സ്വീകരിക്കാവുന്ന തുക. കള്ളപ്പണം തടയാനും രാഷ്ട്രീയ ഫണ്ടിങ് സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതെന്ന് നിയമമന്ത്രി കിരണ്‍ റിജിജുവിന് അയച്ച കത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
വര്‍ഷത്തില്‍ ആകെ ലഭിക്കുന്ന സംഭാവനയുടെ ഇരുപതു ശതമാനമായി, പണമായി സ്വീകരിക്കാവുന്ന തുക നിജപ്പെടുത്തണം. ഇതു പരമാവധി 20 കോടിയായി പരിധി നിശ്ചയിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ 29 സി വകുപ്പു പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനയുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറണം. പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന പക്ഷം രണ്ടായിരം രൂപയ്ക്കു മുകളില്‍ സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ പാര്‍ട്ടികള്‍ കമ്മിഷനെ അറിയിക്കേണ്ടി വരും. എന്നാല്‍ രണ്ടായിരം രൂപയ്ക്കു താഴെയുള്ള സംഭാവന കൂപ്പണുകള്‍ കൂടുതല്‍ നല്‍കി ഇതു മറികടക്കാന്‍ പാര്‍ട്ടികള്‍ക്കാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.