കേരളം
മാധ്യമപ്രവർത്തകയിൽ നിന്ന് മന്ത്രിയിലേക്ക്; സംസ്ഥാന ചരിത്രത്തിൽ ആദ്യം
രണ്ടാം പിണറായി സര്‍ക്കാരിൽ ഇടതുമുന്നണി മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാനൊരുങ്ങുന്ന സിപിഎം വീണ ജോര്‍ജ് . സിപിഎം പ്രഖ്യാപിച്ച പുതുമുഖ മന്ത്രിമാരിലൊരാളാണ് അവര്‍. കൃത്യമായ ലക്ഷ്യത്തിലാണ് രണ്ടാം തവണ വിജയിച്ച വീണയെ മന്ത്രിസഭയിലെത്തിക്കുന്നത്.
1976 ഓഗസ്റ്റ് 3ന് പി. ഇ. കുറിയാക്കോസ്, റോസമ്മ കുറിയകോസ് എന്നിവരുടെ മകളായി തിരുവനതപുരത്ത് ജനിച്ച വീണ ജോർജ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) സ്ഥാനാർത്ഥിയായി 2016ൽ ആറന്മുളയിൽ എത്തുന്നത് അപ്രതീക്ഷതമായിരുന്നു.അന്ന് കോൺഗ്രസിന്റെ കെ ശിവദാസൻ നായരെ 7646 വോട്ടുകൾക്ക് അട്ടിമറിച്ച് വീണ ജോർജ് ജയിച്ചു.
രാഷ്ട്രീയത്തിൽ ചേരുന്നതിന് മുമ്പ് 16 വർഷത്തിലേറെയായി പ്രധാന മലയാള വാർത്താ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാള വാർത്താ ചാനലുകളിലെ ആദ്യത്തെ വനിതാ എക്സിക്യൂട്ടീവ് എഡിറ്റർ കൂടിയാണ് വീണ. 2012 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു വീണ. എസ്.എഫ്.ഐയിലൂടെയാണ് വീണ ജോര്‍ജ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരം വിമൻസ് കോളജിൽനിന്നു ഫിസിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഒരു വർഷത്തോളം അധ്യാപികയായി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഇത്തവണ വീണ്ടും ആറന്മുളയിൽ മത്സരിച്ച വീണ, 19,003 വോട്ടിനു വീണ്ടും തോൽപിച്ചത് കോൺഗ്രസിന്റെ കെ.ശിവദാസൻ നായരെ. കഴിഞ്ഞ നിയമസഭയിൽ ഉള്ളടക്ക സമിതി അധ്യക്ഷയായിരുന്നു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ആദ്യ വനിത മന്ത്രി, സംസ്ഥാനത്ത് തന്നെ മന്ത്രി പദവിയിലെത്തുന്ന ആദ്യ മാധ്യമ പ്രവര്‍ത്തക തുടങ്ങിയ വിശേഷണങ്ങളുമായാണ് വീണ ജോര്‍ജ് രണ്ടാം പിണറായി മന്ത്രിസഭയുടെ ഭാഗമാകുന്നത്.