കേരളം
പാലക്കാട് തൃത്താലയില്‍ നിന്ന് കാണാതായ നാല് കുട്ടികളേയും കണ്ടെത്തി
പാലക്കാട് തൃത്താല കപ്പൂർ പറക്കുളത്ത് നിന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ കാണാതായ നാല് കുട്ടികളെയും കണ്ടെത്തി. വീട്ടിൽ നിന്ന് കളിക്കാനെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികൾ രാത്രി വൈകിയും തിരികെ എത്താതിരുന്നതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആനക്കര ഹൈസ്‌കൂളിന് സമീപത്ത് നിന്ന് അർദ്ധ രാത്രി ഒരു മണിയോടെയാണ് നാലുപേരെയും കണ്ടെത്തിയത്.
ആനക്കര സെന്ററിൽ നിന്ന് ചേകനൂർ റോഡിലേക്ക് കുട്ടികൾ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആനക്കര ഹൈസ്‌കൂൾ ഭാഗത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് നാലുപേരെയും കണ്ടെത്തിയത്. ഇവരെ വീടുകളിലേക്ക് കൊണ്ടുപോയി.
കളിക്കാൻ പോയ കുട്ടികൾ തിരിച്ചെത്താതെ വന്നതോടെ മാതാപിതാക്കൾ ആദ്യം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുവീടുകളിൽ ഉൾപ്പെടെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പൊലീസിനെ അറിയിച്ച് വിശദമായ പരിശോധന നടത്തുന്നതും കുട്ടികളെ കണ്ടെത്തുന്നതും. കുട്ടികൾ ഏത് സാഹചര്യത്തിലാണ് വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.