കേരളം
വ്യാജരേഖ ചമയ്ക്കല്‍ കേസ്; കെ.വിദ്യക്കെതിരെയുള്ള കേസ് ഇനി അഗളി പൊലീസ് അന്വേഷിക്കും
കെ വിദ്യ വ്യാജരേഖ ചമച്ച കേസ് അഗളി പൊലീസ് അന്വേഷിക്കും. കേസ് അഗളി പൊലീസിന് കൈമാറിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. വിദ്യ സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന് തെളിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കരിന്തളം കോളജ് അധികൃതരും.
കഴിഞ്ഞ അക്കാദമിക് വര്‍ഷത്തിലാണ് കെ വിദ്യ കരിന്തളം കോളജില്‍ താത്ക്കാലിക അധ്യാപികായായി ജോലി ചെയ്തത്. അന്ന് സമര്‍പ്പിച്ച രേഖകളില്‍ മഹാരാജാസിലെ വ്യാജ രേഖയും ഉള്‍പ്പെട്ടിരുന്നു. അട്ടപ്പാടി കോളജിലെ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇത് കോളജ് അധികൃതര്‍ പരിശോധിച്ചതും തിരിച്ചറിഞ്ഞതും. ഇത് സ്ഥിരീകരിക്കുന്നതിനായി അധികൃതര്‍, മഹാരാജാസ് കോളജിലേക്ക് അയച്ചുകൊടുക്കുകയും വ്യാജമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരാതി നല്‍കാനുള്ള നീക്കം.
അതേസമയം കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിനായി നടന്ന വഴിവിട്ട നീക്കങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ചട്ടം മറികടന്ന് വിദ്യയുടെ പേര് തിരുകി കയറ്റിയ റിസര്‍ച്ച് കമ്മിറ്റി യോഗത്തിലെ മിനുട്ട്‌സിന്റെ പകര്‍പ്പ് ലഭിച്ചു.