കേരളം
സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തൽ വിവാദങ്ങൾ
ഇന്ന് രാജ്യത്തിൻറെ 75-ാം സ്വാതന്ത്ര്യ ദിനം. കോവിഡ് ചട്ടങ്ങൾക്കകത്ത് നിന്ന് പരിമിതമായ രീതിയിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധയിടങ്ങളിൽ പ്രമുഖർ ദേശീയ പതാക ഉയർത്തുകയും ചെയ്തു. എന്നാൽ ദേശീയ പതാക ഉയർത്തലിൽ പിണഞ്ഞ ചില അബദ്ധങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മാനദണ്ഡങ്ങൾ പാലിക്കാതെ പതാക ഉയർത്തിയത് സി.പി. എമ്മിനെ വെട്ടിലാക്കി.ദേശീയ പതാക മാനദണ്ഡങ്ങൾ പാലിക്കാതെ എകെജി സെന്ററിൽ ഉയർത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടരികിലായി സിപിഐഎം പതാകയുള്ളത് ഇന്ത്യൻ ഫ്ലാഗ് കോഡിലെ സെക്ഷൻ 2.2 (viii) ലംഘനമാണ്.
ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെടുന്നു.
ദേശീയ പതാക ഉയര്‍ത്തിയതില്‍ ബിജെപിക്കും അബദ്ധം പിണഞ്ഞു. സംസ്ഥാന സമിതി ഓഫീസില്‍ പതാക ഉയര്‍ത്തിയത് തലതിരിഞ്ഞ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ദേശീയ പതാക തല കീഴായി ഉയര്‍ത്തിയത്. അബദ്ധം പിണഞ്ഞത് മനസ്സിലാക്കിയതിന് പിന്നാലെ താഴേക്ക് വലിച്ച് നേരെ ഉയര്‍ത്തുകയും ചെയ്തു.