കേരളം
പത്തുമാസം പൂര്‍ത്തിയാക്കി ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍
കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ഫസ്റ്റ്ബെൽ ഡിജിറ്റല്‍ ക്ലാസുകള്‍ മാര്‍ച്ച് 31-ന് പത്തുമാസം പൂര്‍ത്തിയാകുന്നു. ജനറല്‍, തമിഴ്, കന്നഡ മീഡിയങ്ങളിലോയി 3750 മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ 7500 ക്ലാസുകളാണ് ഇതുവരെ പൂര്‍ത്തിയായത്.
പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്കായുള്ള ലൈവ്ഫോണ്‍ ഇന്‍ ക്ലാസുകളും പൂര്‍ത്തിയായി. സാധാരണ ക്ലാസുകള്‍ക്ക് പുറമെ ഫോക്കസ് ഏരിയ അധിഷ്ഠിതമായ റിവിഷന്‍ ക്ലാസുകള്‍, കാഴ്ച പരിമിതര്‍ക്കുള്‍പ്പെടെ പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകള്‍, ശ്രവണ പരിമിതര്‍ക്കുള്ള സൈന്‍ അഡോപ്റ്റഡ് ക്ലാസുകള്‍ തുടങ്ങിയവയുടെ സംപ്രേഷണവും പൂര്‍ത്തിയായി.
പൊതുപരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്ക് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസ് ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ അവതരിപ്പിക്കുന്ന പ്രത്യേക മോട്ടിവേഷന്‍ ക്ലാസുകളും സംപ്രേഷണം ചെയ്യും. ജൂണ്‍ 1-ന് ആരംഭിച്ച ഒന്നു മുതല്‍ ഒമ്പത് വരെയുള്ള കുട്ടികള്‍ക്കായുള്ള ഫസ്റ്റ്ബെൽ ഡിജിറ്റല്‍ ക്ലാസുകള്‍ ഏപ്രില്‍ 30-നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.