ക്രൈം
പെൺമക്കളെ ഐസ്‌ക്രീമിൽ വിഷം കലർത്തിയും സീലിങ് ഫാനിൽ കെട്ടിത്തൂക്കിയും കൊന്നു; പിതാവ് അറസ്റ്റിൽ
ലോഡ്ജ് മുറിയിൽ പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച പിതാവ് അറസ്റ്റിൽ. വയനാട് സ്വദേശി ചന്ദ്രശേഖരനെ (58) യാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ 13നായിരുന്നു സംഭവം. തൃശൂരിലെ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ ചന്ദ്രശേഖരനും മക്കളായ ശിവനന്ദന (12), ദേവനന്ദന (9) എന്നിവരും 12ന് രാത്രി മുറിയെടുത്തിരുന്നു.
13ന് ഉച്ചകഴിഞ്ഞ് കുട്ടികളെ മരിച്ച നിലയിലും ചന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ച് അവശനിലയിലും കണ്ടെത്തി. ചികിത്സയിലായിരുന്ന ചന്ദ്രശേഖരനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതോടെ സിഐ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടികളിൽ ഒരാൾക്ക് ഐസ്ക്രീമിൽ വിഷം കലർത്തി കൊടുത്തും മറ്റൊരു കുട്ടിയെ സീലിങ് ഫാനിൽ കെട്ടിത്തൂക്കിയുമാണ് കൊലപ്പെടുത്തിയത്. ഇവർ താമസിച്ചിരുന്ന ലോഡ്ജ്, കൈമുറിക്കാനുള്ള ബ്ലേഡ്, കെട്ടിത്തൂക്കിയ മുണ്ട് എന്നിവ വാങ്ങിയ പടിഞ്ഞാറെനടയിലെ കടകൾ, ഐസ്ക്രീം വാങ്ങിയ അക്കിക്കാവിലെ കട എന്നിവിടങ്ങളിൽ തെളിവെടുത്തു. പ്രതിയെ ചാവക്കാട് സിജെഎം കോടതിയിൽ ഹാജരാക്കും.