കേരളം
ഫാസ്ടാഗ് ഒഴിവാക്കുന്നു; ടോള്‍ പിരിവില്‍ അടിമുടി മാറ്റം
രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പിരിവ് രീതി അടിമുടി പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇപ്പോള്‍ ഉള്ള ഫാസ്ടാഗ് സംവിധാനം ഒഴിവാക്കി ഉപഗ്രഹ നാവിഗേഷനിലൂടെ ടോള്‍ ഇടാക്കാനാണ് നീക്കം. ഇതിനായുള്ള പരീക്ഷണത്തിന് ഒരു ലക്ഷത്തിലേറെ വാഹനങ്ങളില്‍ തുടക്കമിട്ടു.
ടോള്‍ പാതകളില്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം പണം ഈടാക്കുന്നതാണ് പുതിയ രീതി. വാഹനം ടോള്‍ പാതയിലേക്കു പ്രവേശിക്കുമ്പോള്‍ ജിപിഎസ് ഉപയോഗിച്ച് ചുങ്കം കണക്കാക്കിത്തുടങ്ങും. ടോള്‍ പാതയില്‍ നിന്നു പുറത്തു കടക്കുമ്പോള്‍ സഞ്ചരിച്ച ദൂരത്തിനു കണക്കാക്കി വാഹന ഉടമയുടെ അക്കൗണ്ടില്‍നിന്ന് പണം ഈടാക്കും. പുതിയ സംവിധാനം വരുന്നതോടെ ടോള്‍ പ്ലാസകളും ഇല്ലാതാവും.
നിലവില്‍ രാജ്യത്തെ 97 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് ഉപയോഗിച്ചാണ് ടോള്‍ പിരിക്കുന്നത്. ടോള്‍ പാതയിലൂടെ മുഴുവന്‍ ദൂരം സഞ്ചരിച്ചില്ലെങ്കിലും തുക പൂര്‍ണമായും നല്‍കേണ്ടിവരും എന്നാണ് ഇതിന്റെ പോരായ്മ. പുതിയ സംവിധാനം വരുന്നതോടെ ഇതില്‍ മാറ്റം വരും.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വിജയകരമായി പരീക്ഷിച്ച രീതി ഇന്ത്യയില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 1.37 ലക്ഷം വാഹനങ്ങളില്‍ ഇതിന്റെ ട്രയല്‍ നടന്നുവരികയാണ്. ട്രയലിന്റെ ഫലം അനുസരിച്ച് പുതിയ രീതിയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.