കേരളം
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; പൂക്കോയ തങ്ങളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയ പൂക്കയയെ ഇന്നലെയാണ് നാല് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.
അന്വേഷണ സംഘം അഞ്ച് ദിവസത്തെ കസ്റ്റഡിയാവശ്യപ്പെട്ടിരുന്നെങ്കിലും നാല് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഫാഷന്‍ഗോള്‍ഡ് മാനേജിംഗ് ഡയറക്ടറായ പൂക്കോയയെ ഇന്നലെയും എസ് പി മൊയ്ദീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.
ബുധനാഴ്ച്ചയാണ് പൂക്കോയ തങ്ങള്‍ കാസര്‍കോട് ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയത്. മുന്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദീന്‍ അടക്കം പ്രതികളായിരുന്ന കേസിലെ മുഖ്യപ്രതിയായ പൂക്കോയ ഒമ്പത് മാസത്തോളം ഒളിവിലായിരുന്നു.
കേസിന്റെ അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തശേഷം അന്വേഷണം പുരോഗമിക്കവെയാണ് പൂക്കോയ തങ്ങള്‍ കീഴടങ്ങിയത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറോളം കേസുകളാണ് കാസര്‍കോട്ടെയും കണ്ണൂരിലെയും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്. 130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.