കേരളം
വ്യാജ അഭിഭാഷക സെസി സേവ്യറിന് ജാമ്യമില്ല; 7 ദിവസം കസ്റ്റഡിയിൽ, ഇൻഡോറിലെത്തിച്ച് തെളിവെടുക്കും
ആലപ്പുഴയിൽ അറസ്റ്റിലായ വ്യാജ അഭിഭാഷക സെസി സേവ്യറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. സെസിയെ എട്ട് ദിവസത്തേക്ക് ആലപ്പുഴ സിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഒളിവിൽ കഴിഞ്ഞിരുന്ന ഇൻഡോറിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. വ്യാജ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ ആലപ്പുഴ രാമങ്കരി സ്വദേശി സെസി സേവ്യർ ഒളിവിൽ കഴിഞ്ഞിരുന്നത് ഇൻഡോറിലും ദില്ലിയിലുമാണ്. 21 മാസമാണ് സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത്.
അടുത്ത ദിവസം തന്നെ തെളിവെടുപ്പിനായി സെസിയുമായി അന്വേഷണ സംഘം ഇൻഡോറിലേക്ക് തിരിക്കും. സെസി വ്യാജ രേഖകൾ ഉണ്ടാക്കിയത് ഇവിടെനിന്നാണെന്നാണ് പൊലീസിന്‍റെ നിഗമനം. തിരവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍റെ എൻറോൾമെന്‍റ് നമ്പർ ഉപയോഗിച്ചായിരുന്നു സെസി ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നത്. ഇതിനിടെ ബാർ അസോസിയേഷൻ ഭാരവാഹിയുമായി മാറിയിരുന്നു.
നിരവധി കേസുകളിൽ അഭിഭാഷക കമ്മീഷനായും സെസിയെ നിയമിച്ചിരുന്നു. ഈ കാലയളവിൽ സെസി കൈക്കൂലി വാങ്ങിയതായും പരാതി ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തതിനാണ് സെസി സേവ്യര്‍ക്കെതിരെ കേസെടുത്തത്. എല്‍ എല്‍ ബി പാസാകാത്ത സെസി സേവ്യര്‍ വ്യാജ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചുകൊണ്ടാണ് പ്രാക്ടീസ് നടത്തിയിരുന്നത്. ഇത് കണ്ടെത്തിയ ബാര്‍ അസോസിയേഷന്‍ സെസിയെ പുറത്താക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് സെസി പ്രാക്ടീസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സെസി ഒളിവില്‍ പോയി. പിന്നീട് ആലപ്പുഴ സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെന്നറിഞ്ഞതോടെ ഹാജരാകാതെ മുങ്ങി. അറസ്റ്റിലാവുന്നതിന് ഒരാഴ്ച മുമ്പാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇതിന് പിന്നാലെ സെസിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെയാണ് ഇവർ കീഴടങ്ങിയത്.