കേരളം
വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: ഫെബ്രുവരി 18ന് സ്വപ്ന ഉൾപ്പെടെയുള്ളവർ ഹാജരാകണം
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കാട്ടി ജോലി നേടിയ കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി സമൻസ് അയച്ചു. ഫെബ്രുവരി 18ന് കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാക്കാനാണ് നിർദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിന്റെതാണ് ഉത്തരവ്.
സ്വപ്ന സുരേഷ്, ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സച്ചിൻ ദാസ് എന്നീ പ്രതികൾക്കാണ് സമൻസ്. 2017ലാണ് സ്വപ്നയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചത്. സ്പേസ് പാർക്ക് കൺസൾട്ടൻസി ആയിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ സ്വപ്നയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചത് ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്.
സ്വർണക്കടത്തു കേസിൽ സ്വപ്ന പ്രതിയായപ്പോഴാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു.