കേരളം
പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചെന്ന വ്യാജ പ്രചാരണം; ബിജെപി പ്രവർത്തകന്റേത് തീവ്രവാദ പ്രവർത്തനമെന്ന് മന്ത്രി വി ശിവൻകുട്ടി
പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ പ്രചാരണം, ബിജെപി പ്രവർത്തകന്റേത് തീവ്രവാദ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രചാരണം കേരളത്തിൽ കേട്ടുകേൾവിയില്ലാത്തത്. പിടിയിലായത് ബിജെപി പഞ്ചായത്ത് അംഗം. ബിജെപി നേതൃത്വം പരിശോധിക്കണം. പ്രതി പിടിയിലായത് മന്ത്രിയുടെ പരാതിയിലാണ്.
രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം പിൻവലിച്ചു എന്ന് തെറ്റായി വാർത്ത ഉണ്ടാക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്ത ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാർഡ് ആയ അമ്പലത്തുംഭാഗത്തിലെ ബിജെപി വാർഡ് മെമ്പർ ആയ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്. ഈ വിഡിയോയ്ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ വിഡിയോ ഡിലീറ്റ് ചെയ്തിരുന്നുവെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത വ്യാജമാണെന്ന് പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.
ഈ യൂട്യൂബ് ചാനലിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ആയിരുന്നു യൂട്യൂബ് ചാനൽ വഴി വ്യാജ വാർത്ത പ്രചരിപ്പിച്ചത്. തുടർന്നായിരുന്നു സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് ഇടപെടുന്നത്.