കേരളം
കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജാമ്യമില്ല; വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ മരുമകൾ മഞ്ജുമോള്‍ റിമാൻഡിൽ
കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കോടതി ഇത് പരിഗണിച്ചില്ല.
കൊല്ലം തേവലക്കരയിൽ വയോധികയെ അതിക്രൂരമായാണ് മരുമകള്‍ മഞ്ജു മര്‍ദ്ദിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കേസെടുത്ത െപാലീസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതിനിടെയാണ് ജാമ്യാപേക്ഷയും നല്‍കിയത്. 80 വയസുള്ള ഏലിയാമ്മ വർഗീസിനെ മരുമകളായ മഞ്ജു തള്ളിത്താഴെയിട്ട് അടിവയറ്റിൽ ചവിട്ടുകയും അടിക്കുകയും ചെയ്തു. കമ്പി വടികൊണ്ടുള്ള ആക്രമണത്തിൽ കൈക്ക് പരിക്കേറ്റു. ഭക്ഷണം പോലും നൽകാതെ വീടിന് പുറത്താക്കി. ആറര വർഷമായി ക്രൂരത തുടരുകയാണെന്ന് ഏലിയാമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ദൃശ്യങ്ങളിൽ കണ്ടതിനേക്കാൾ അതിക്രൂരമായിരുന്നു മർദ്ദനം. തലയ്ക്ക് കൊളേളണ്ട ഇരുമ്പ് വടി കൊണ്ടുള്ള അടി ഒഴിഞ്ഞ് മാറിയതിനാൽ കൈയ്ക്ക് കൊണ്ടു. കഴുത്തിന് പിടിച്ച് തള്ളി വീടിന് പുറത്താക്കി. ഭർത്താവ് ജെയ്സിനേയും പല തവണ മഞ്ജു മോൾ മർദ്ദിച്ചു. മഞ്ജുമോൾ വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുന്നത് പതിവ്. ഒരിക്കൽ മഞ്ജു മോൾ കാറിന്റെ ഡോർ ചവിട്ടിത്തകർത്തു.
ഡബിൾ എം എ ക്കാരിയും ഹയർ സെക്കൻഡറി അധ്യാപികയുമാണ് മഞ്ജുമോൾ തോമസ്. സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് മഞ്ജുമോളുടെ ഭർത്താവ് ജെയ്സ്. ഇദ്ദേഹം മെഡിക്കൽ ഓൺലൈൻ മേഖലയിൽ ജോലി ചെയ്യുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ബിഡിഎസ് വരെ പഠിച്ചിട്ടുണ്ട് ഏലിയാമ്മ. എഞ്ചിനിയറായിരുന്നു ഇവരുടെ ഭർത്താവ്. ഇരുവരുടേയും സമ്പന്ന കുടുംബമാണ്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവി ഒരാഴ്ചയ്ക്കക്കം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിട്ടു. വധശ്രമം, മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമം തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.