കേരളം
ഏറ്റുമാനൂർ – ചിങ്ങവനം രണ്ടാം പാത ഇന്ന് തുറക്കും; ആദ്യ സർവീസ് പാലരുവി എക്സ്പ്രസ്
ഏറ്റുമാനൂർ -ചിങ്ങവനം റൂട്ടിലെ ഇരട്ടപ്പാതയിലൂടെ ഇന്നു മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ഇതോടെ, പൂർണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം എത്തും. പാലക്കാട് ജംക്‌ഷൻ – തിരുനൽവേലി പാലരുവി എക്സ്പ്രസ് ആകും പുതിയ പാതയിലൂടെ ആദ്യം സർവീസ് നടത്തുക.
2019 ജൂൺ 11നാണ് കോട്ടയം ഇരട്ടപ്പാത ജോലികൾക്ക് തുടക്കംകുറിച്ചത്. 16.7 കിലോമീറ്റർ നീളം വരുന്ന ചിങ്ങവനം – ഏറ്റുമാനൂർ റൂട്ടിൽ പുതിയ പാത യാഥാർത്യമാകുന്നതോടെ മംഗലാപുരം മുതൽ തിരുവനന്തുപരം(കോട്ടയം വഴി) വരെയുള്ള 632 കി. മീറ്റർ പൂർണമായും ഇരട്ടപ്പാതയാകും. ലൈനിൽ 50 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനുള്ള അനുമതിയാണ് കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി (സിആർഎസ്) നൽകിയിരിക്കുന്നത്.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം പാറോലിക്കൽ ഗേറ്റിന് അടുത്ത് പഴയ പാളവും പുതിയതും കൂട്ടിച്ചേർക്കുന്ന ജോലിയാണ് ഇന്ന് തീരാനുള്ളത്. ഇന്നു വൈകിട്ട് ആറോടെ അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാനാകുമെന്നാണു റെയിൽവേ അധികൃതർ പറയുന്നു.