കേരളം
ആവശ്യത്തിന് ഒപ്പിട്ടു കാശെടുത്തു, പക്ഷെ ട്വിസ്റ്റ്, അക്കൗണ്ട് സര്‍ക്കാരിന്റെ; മലപ്പുറത്തെ ക്ലാര്‍ക്കിന് ജയിൽ
നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ യുഡി ക്ലാർക്കായിരുന്ന സികെ മുരളിദാസിന് അഞ്ച് വര്‍ഷം കഠിനതടവ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ഫണ്ടിനു വേണ്ടിയുള്ള ബാങ്ക് അക്കൌണ്ടിൽ ഒരു ലക്ഷം രൂപ തിരിമറി നടത്തിയ കേസിലാണ് വിധി. 5 വകുപ്പുകളിലായി ഓരോ വർഷം വീതം കഠിന തടവിനും 1,40,000 രൂപ പിഴയുമാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു.
2005 – 2008 കാലഘട്ടത്തിൽ നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ക്ലാർക്കായിരുന്ന സികെ മുരളിദാസ്, വിവിധ സന്ദർഭങ്ങളിലായി മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ അക്കൌണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വെട്ടിപ്പു നടത്തിയ കേസിൽ വിജിലൻസ് മലപ്പുറം യൂണിറ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസ്സിലാണ് പ്രതിയായ സി.കെ. മുരളിദാസിനെ കോഴിക്കോട് വിജിലൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
മലപ്പുറം വിജിലൻസ് യൂണിറ്റ് ഡിവൈ എസ് പി ആയിരുന്ന അബ്ദുൾ ഹമീദ് പി രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി മലപ്പുറം വിജിലൻസ് ഡിവൈ എസ് പി യായിരുന്ന കെ സലിം കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അരുൺനാഥ് കെ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി. കെ . വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.