ദേശീയം
രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്ന് രാഹുൽഗാന്ധിയുടെ അഭ്യർത്ഥനയെ തുടർന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിയത്. മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും രാഹുലിൻറെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
അതേ സമയം ഇഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. എ ഐ സി സിയിൽ നിന്ന് പ്രതിഷേധ മാർച്ച് അനുവദിക്കില്ലെന്നതിനാൽ ജന്തർമന്തറിൽ പ്രതിഷേധിക്കാനാണ് തീരുമാനം. രാവിലെ 10 മണി മുതലാണ് പ്രതിഷേധം. രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.