ദേശീയം
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; യുപിയില്‍ ഏഴ് ഘട്ടം
ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. യുപിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന്. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍വന്നു.
കണിശമായ കോവിഡ് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 15വരെ റോഡ് ഷോ, പദയാത്രകളും സൈക്കിള്‍ റാലികളും നടത്തരുത്. പ്രചാരണം കഴിവതും ഓണ്‍ലൈനില്‍ക്കൂടി നടത്തണം. ആള്‍ക്കൂട്ടം കൂടിയുള്ള പ്രചാരണം പാടില്ല. സാഹചര്യം വിലയിരുത്തിയതിന് ശേഷം, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം.
18.43 കോടി വോട്ടര്‍മാരാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലൂം കൂടിയുള്ളത്. ഇതില്‍ 8.55കോടി വോട്ടര്‍മാര്‍ സ്ത്രീകളാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം പതിനാറ് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു പോളിങ് സ്‌റ്റേഷനില്‍ പരമാവധി 1250പേര്‍ക്ക് മാത്രം പ്രവേശനം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി നല്‍കാമെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.
കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് ഉപയോഗിക്കാം. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വാലറ്റുകള്‍ വീട്ടിലെത്തിക്കും. പോളിങ് സമയം ഒരുമണിക്കൂര്‍കൂടി നീട്ടി നല്‍കും. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തി. ഗോവയിലും മണിപ്പൂരിലും 28 ലക്ഷമായി ഉയര്‍ത്തി.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബിജപിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇന്നു തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതിന് ഒപ്പം പ്രചാരണത്തിന് കോവിഡ് മാനദണ്ഡങ്ങളും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.