കേരളം
ഷാരൂഖ് സെയ്ഫിയുടെ ആരോഗ്യനില തൃപ്തികരം; മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിലെത്തി
എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ആരോഗ്യനില തൃപ്തികരമെന്ന് വെെദ്യ പരിശോധനാ റിപ്പോർട്ട്. പ്രതിയുടെ ശരീരത്തിൽ കാര്യമായ പൊളളൽ ഏറ്റിട്ടില്ല. ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പൊള്ളൽ ഏറ്റിട്ടുളളത്. ശരീരത്തിൽ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തെ പരുക്ക് മൂലം കണ്ണിന് വീക്കമുണ്ട്. എന്നാൽ കാഴ്ചശക്തിക്ക് തകരാറില്ലെന്നും പരിശോധനാ ഫലത്തിൽ പറയുന്നു. ഡിസ്ചാർജ് ചെയ്യാൻ തടസമില്ലെeന്നും ഡോക്ടർമാർ വ്യക്തമാക്കി.
മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും പരിശോധനാ ഫലത്തിൽ പറയുന്നു. ട്രെയിനിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായതാവാം ശരീരത്തിലെ മുറിവുകൾ എന്നതാണ് പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധരുടെ നിഗമനം. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എസ് വി മനേഷ് ആശുപത്രിയിലെത്തി. തുടർ നടപടികൾ ആശുപത്രിയിലായിരിക്കുമെന്നാണ് വിവരം.
അതേസമയം കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം(യുഎപിഎ) ചുമത്താനും സാധ്യതയുണ്ട്. നിലവിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് യുഎപിഎ ചുമത്തുന്നതോടെ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. ഇന്നലെ ആശുപത്രിയിൽ വെച്ചും ഷാരൂഖ് സെയ്ഫിയെ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ഷാരൂഖ് സെയ്ഫിക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധം ഉണ്ടോയെന്നത് എൻഐഎ അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികളും പരിശോധിക്കുന്നുണ്ട്.
ഓടുന്ന ട്രെയിനിൽ യാത്രക്കാർക്കു നേരെ ഷാരൂഖ് സെയ്ഫി ബോധപൂർവം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. ഇതിൽ ട്രെയിൻ പൂർണമായും ആക്രമിക്കുക എന്ന ഉദ്ദേശ്യമുണ്ട്. സ്ഫോടന സാധ്യതയുള്ള വസ്തുവും ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ യുഎപിഎ കൂടി ചുമത്താമെന്നാണു നിയമോപദേശം. എന്നാൽ ഇക്കാര്യം അന്തിമമായി പറയാറായിട്ടില്ലെന്നു സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വ്യക്തമാക്കിയിരുന്നു.