കേരളം
ട്രെയിൻ തീവെപ്പ് കേസ്; ഷാറൂഖിന്‍റെ വേരുകൾ തേടി കേരള പൊലീസ്
എലത്തൂർ ട്രെയിൻ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിന്‍റെ വേരുകൾ തേടി ദില്ലിക്ക് പുറത്തും പരിശോധന. ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി. ഷാറൂഖിന്‍റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ഷാറൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നും നിഗമനം. തിരികെ ദില്ലിക്ക് എത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നും കണ്ടെത്തൽ.
അതിനിടെ, ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
അതേസമയം, ഷാരൂഖ് സെയ്ഫിയെ ഇന്ന് വീണ്ടും തെളിവെടുപ്പിന് ഇറക്കിയേക്കും. ഷൊർണൂർ, എലത്തൂർ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പ് നടക്കാനുള്ളത്. ഇന്ന് ഉച്ചക്ക് ആകും തെളിവെടുപ്പിന് ഇറങ്ങാൻ സാധ്യത. ഷാറൂഖ് ഇറങ്ങിയ ഷോർണൂർ റെയിൽവേ സ്റ്റേഷൻ, പെട്രോൾ വാങ്ങിയ പെട്രോൾ ബങ്ക് എന്നിവിടങ്ങളിൽ എത്തിച്ചാകും തെളിവെടുപ്പ് നടത്തുക. വിവരശേഖരണത്തിന് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ എടിഎസ് പ്രതിനിധികൾ കോഴിക്കോട് തുടരുകയാണ്. സംഭവം നടന്ന എലത്തൂർ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലുള്ളതിനാൽ മറ്റ് അന്വേഷണം ഏജൻസികൾക്ക് ഷാറൂഖിനെ ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല.