ദേശീയം
ഫോൺ വിവരങ്ങൾ BJPക്ക് ഇഡി ചോർത്തി നൽകാൻ ശ്രമിക്കുന്നു; കെജ്‌രിവാളിനു വേണ്ടി പ്രചാരണം ആരംഭിച്ച് AAP
ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനുവേണ്ടി പ്രചാരണം ആരംഭിച്ച് ആംആദ്മി പാർട്ടി. കെജ്‌രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ പുറത്തുവിട്ട് സുനിത കെജ്‌രിവാൾ. അരവിന്ദ് കെജരിവാളിന്റെ ഫോൺ വിവരങ്ങൾ ബിജെപിക്ക് ഇഡി ചോർത്തി നൽകാൻ ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. മദ്യനയക്കേസിൽ ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കാൻ കെജ്‌രിവാളിനോട് പാസ്സ്‌വേർഡ് നൽകാൻ ഇഡി ആവിശ്യപ്പെടും.
കെജ്‌രിവാളിന്റെയും ഫോൺ പാസ്സ്‌വേർഡ് ഇഡി ചോദിക്കുന്നത് ബിജെപിക്കായി വിവരങ്ങൾ ചോർത്താൻ ആണെന്ന് ആംആദ്മിപാർട്ടി ആരോപിച്ചു. കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാളിന് വേണ്ടി വൈകാരിക ആഹ്വാനമാണ് ഭാര്യ സുനിത കേജ്രിവാൾ നടത്തിയത്. “കെജ്‌രിവാൾ കോ ആശിർവാദ് ദോ”എന്ന പ്രചാരണത്തിനാണ് ആംആദ്മി പാർട്ടി തുടക്കമിട്ടത്.
പിന്തുണ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയക്കാൻ വാട്സ്ആപ്പ് നമ്പരും തയ്യാറാക്കി. പാർട്ടിയുടെ പ്രചരണ പദ്ധതികളുടെ വിശദാംശങ്ങൾ കെജ്‌രിവാളിന്റെ ഫോണിൽ ഉണ്ടെന്നാണ് മന്ത്രി അതിഷി പ്രതികരിച്ചത്. പൊലീസ് അനുമതി നിഷേധിച്ചതോടെ ബിജെപി ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാർച്ചിൽ നിന്ന് ഇന്ത്യ മുന്നണി പിന്മാറി. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രചാരണം ശക്തമാക്കാൻ ആണ് പാർട്ടിയുടെ തീരുമാനം. ഇതിനായി ഡൽഹി മന്ത്രിമാർ വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്യും.
കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുംബൈയിൽ ഇന്ത്യ മുന്നണി സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. കെജ്‌രിവാളിന്റെ അറസ്റ്റിൽ ഐക്യരാഷ്ട്രസഭയും പ്രതികരണം നടത്തി. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിപ്പെടണമെന്നാണ് യുഎൻ വക്താവ് അറിയിച്ചത്. കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ കേസിലെ മറ്റ് പ്രതികൾക്കൊപ്പം ഇഡി ചോദ്യം ചെയ്യും. കെജ്‌രിവാൾ പാസ്‌വേഡ് നൽകിയില്ലെങ്കിൽ മറ്റു മാർഗങ്ങളിലൂടെ ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കാൻ ആണ് ഇഡിയുടെ നീക്കം.