രാജ്യാന്തരം
പ്രതീക്ഷയുടെയും പ്രത്യാശയുടെയും സന്ദേശമായി ഈസ്റ്റർ ; ലോകമെമ്പാടുമുളള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു
പ്രതീക്ഷയുടെയും പ്രത്യാശയുടെ സന്ദേശമായി ലോകമെമ്പാടുമുളള ക്രിസ്ത്യാനികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്.
ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്ക് നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.
ഈസ്റ്ററിന്റെ തിരുക്കർമങ്ങൾ ശനിയാഴ്ച അർധരാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി വിവിധ ദേവാലയങ്ങളിൽ നടന്നു. ജില്ലയിലെ വിവിധ പള്ളികളിൽ ഇന്നലെ രാത്രി മുതൽ പ്രത്യേക പ്രാർത്ഥനകളും ഉയിർപ്പ് തിരുകർമങ്ങളും ഉണ്ടായിരുന്നു.
ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കാറുള്ള ഉയിർപ്പിന്റെ ശുശ്രൂഷകൾ ഇക്കുറി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ആചരിക്കുന്നത്. വിശുദ്ധനാളിന്റെ ഭാഗമായി വിശ്വാസിസമൂഹം 50 ദിവസം നോറ്റ നോയമ്പ് ഞായറാഴ്ച അവസാനിക്കും. ഈസ്റ്ററിന് പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും മറ്റ് ചടങ്ങുകളും ഉണ്ടാകും. ഇന്ന് രാവിലെ ഏഴിനും 8.45നും വൈകിട്ട് അഞ്ചിനും ദിവ്യബലിയുണ്ടാകും.