ദേശീയം
ദില്ലിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി
ദില്ലിയിലും സമീപസംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇത് അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്നു.
രാത്രി എട്ടേകാലോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാൾ ആണ് പ്രഭവകേന്ദ്രം. നോയിഡയിലും ഗുരുഗ്രാമിലും ശക്തമായ പ്രകമ്പനങ്ങളുണ്ടായി. ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും സമാന അനുഭവം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മൂന്നുദിവസത്തിനിടെ നേപ്പാളിൽ ഇത് അഞ്ചാം തവണയാണ് ഭൂചലനം ഉണ്ടാകുന്നത്. ദില്ലിയിലും ഉത്തരേന്ത്യയിലും ദിവസങ്ങൾക്ക് മുമ്പും ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിനാണ് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നത്. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിന് ഭൂകമ്പ വിജ്ഞാന ശാസ്ത്രം (seismology) എന്നു പറയുന്നു. 1903-ൽ ലോക ഭൂകമ്പ വിജ്ഞാന സമിതി രൂപീകൃതമായി. ഭൂകമ്പത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് ഈ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ഭൂകമ്പം സൃഷ്ടിക്കപ്പെടുന്ന ബിന്ദുവിന് അധികേന്ദ്രം എന്നു പറയുന്നു. ഭൂകമ്പത്തിന്റെ ശക്തി അളക്കാനായി പൊതുവേ റിച്ചർ മാനകം ഉപയോഗിക്കുന്നു. റിച്ചർ മാനകത്തിൽ മൂന്നിനു താഴെയുള്ള ഭൂകമ്പങ്ങൾ ദുരന്തങ്ങൾ സൃഷ്ടിക്കാറില്ല.
ഏതെങ്കിലും സ്ഥലത്ത് വലിയ നാശം വിതയ്ക്കുന്ന ഭൂമികുലുക്കത്തിന് പ്രധാനാഘാതം (Major Shock) എന്നു പറയുന്നു. പ്രധാനാഘാതത്തിനു മുമ്പായി അധികേന്ദ്രത്തിലും ചുറ്റുമായി ഉണ്ടാകുന്ന ചെറിയ കുലുക്കങ്ങളെ മുന്നാഘാതങ്ങൾ (Fore shock) എന്നു പറയുന്നു. പ്രധാനാഘാതത്തിനു ശേഷമുണ്ടാകാറുള്ള ചെറു ഭൂകമ്പ പരമ്പരയെ പിന്നാഘാതങ്ങൾ (After Shock) എന്നും പറയുന്നു. പിന്നാഘാതങ്ങൾ ചിലപ്പോൾ മാസങ്ങളോളം നീണ്ടു നിൽക്കാറുണ്ട്.
ഭൂമിയുടെ ഉള്ളിൽ നടക്കുന്ന രണ്ടുതരം കാര്യങ്ങൾ ഭൂകമ്പങ്ങൾക്ക് കാരണമാകാറുണ്ട്. വിവർത്തന പ്രവർത്തനങ്ങളും (Tectonic Activities) അഗ്നിപർവ്വത പ്രവർത്തനങ്ങളും (Volcanic Activities) ആണിവ. ഇവ രണ്ടുമല്ലാതെ അണക്കെട്ടുകൾ ഉണ്ടാക്കുന്നതു പോലുള്ള കടുത്ത സമ്മർദ്ദം ഭൂവൽക്കത്തിലെ ചെറുഭ്രംശരേഖകൾക്ക് താങ്ങാനാവാതെ വരുമ്പോഴും ഭൂമികുലുക്കമുണ്ടാവാറുണ്ട്. ഇത്തരം ചലനങ്ങളെ പ്രേരിത ചലനങ്ങൾ എന്നു വിളിക്കുന്നു.