കേരളം
ആലുവ പുഴയിൽ അനധികൃതമായി മണൽ വാരൽ നടത്തിയ വഞ്ചി ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു
ആലുവ പുഴയിൽ അനധികൃതമായി മണൽ വാരൽ നടത്തിയ വഞ്ചി ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരുന്നത് ഡി വൈ എഫ് ഐ പ്രവർത്തകർ ആലുവ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ മണൽ വാരുന്നത് തടയാനോ, കുറ്റക്കാരെ പിടിക്കാനോ സ്ഥലത്തേക്ക് പൊലീസ് എത്തിയില്ല.
ഇതോടെ സ്വന്തം നിലയ്ക്ക് മണൽ വാരൽ തടയാൻ ഡിവൈഎഫ്ഐ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. പുഴയിലിറങ്ങിയ പ്രവർത്തകർ മണൽ വാരിക്കൊണ്ടിരുന്ന വഞ്ചി പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരെ കണ്ട് മണൽ വാരിക്കൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പുഴയിൽ ചാടി. ഇവർ നീന്തി രക്ഷപ്പെട്ടു. ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ മണലടക്കം വഞ്ചി പിടിച്ചെടുത്തിട്ടും മൂന്നര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. മണൽ വഞ്ചി പൊലീസിന് കൈമാറി. മണൽ മാഫിയക്ക് കൂട്ടുനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഡിവൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എംഎസ് അജിത് ആവശ്യപ്പെട്ടു.