കേരളം
ചോദ്യംചെയ്യലിനിടെ കെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം. റിമാൻഡിലുള്ള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി.
ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് വന്ന് പരിശോധന നടത്തിയിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് ആംബുലൻസിൽ വിദ്യയെ മാറ്റുകയായിരുന്നു. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റിയിരിക്കുന്നത്.
ഗസ്റ്റ് ലക്ചറർ ജോലി നേടുന്നതിന് വ്യജപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ കോഴിക്കോടുനിന്ന് അറസ്റ്റ് ചെയ്ത വിദ്യയെ ജൂലൈ ആറ് വരെ റിമാൻഡിൽ വിട്ടിരുന്നു. ആദ്യ രണ്ടു ദിവസം പോലീസ് കസ്റ്റഡിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധിക്ക് ശേഷം ശനിയാഴ്ച 2.45-ന് കോടതിൽ ഹാജരാകാൻ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കാവ്യാ സോമൻ നിർദേശിച്ചിട്ടുണ്ട്.