കേരളം
ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും
ലൈസന്‍സ് ടെസ്റ്റിനൊപ്പം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കാഴ്ചയും പരിശോധിക്കും. വ്യാജ നേത്രപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായതോടെയാണ് നടപടി. റോഡ് ടെസ്റ്റിനിടെ അപേക്ഷകരുടെ കാഴ്ചശക്തികൂടി വിലയിരുത്താന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി.
റോഡിലുള്ള വാഹനങ്ങളുടെ നമ്പര്‍, എഴുത്തുകള്‍ എന്നിവ നിശ്ചിത അകലത്തിൽ വെച്ച് ഡ്രൈവര്‍ക്ക് വായിക്കാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കും. കാഴ്ച കുറവാണെന്ന് ബോധ്യപ്പെട്ടാല്‍ വീണ്ടും നേത്രപരിശോധന നടത്തും. ഇതിനായി നേത്രപരിശോധനായന്ത്രങ്ങള്‍ വാങ്ങാനും തീരുമാനിച്ചു.
സര്‍ട്ടിഫിക്കറ്റിനൊപ്പം നേത്രപരിശോധനയുടെ കംപ്യൂട്ടറൈസ്ഡ് പരിശോധനാഫലവും നിര്‍ബന്ധമാക്കും. പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് തെളിഞ്ഞാല്‍ ഡോക്ടര്‍ക്കെതിരേ പരാതിപ്പെടാനും മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. ഇടനിലക്കാര്‍ ശേഖരിച്ച് കൊണ്ടുവരുന്ന അപേക്ഷകള്‍ ഒരുമിച്ച് സാക്ഷ്യപ്പെടുത്തി നല്‍കുന്ന ഡോക്ടര്‍മാരുമുണ്ട്. ഇവര്‍ക്കെതിരേ ഡോക്ടര്‍മാര്‍തന്നെ പരാതിപ്പെട്ടിരുന്നു.
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് എത്തിയ ആളുകളുടെ കണ്ണ് പരിശോധന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി വരുത്തിയ സംഭവങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണ് പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസമാണ്. ലേണേഴ്‌സ് ടെസ്റ്റ് വിജയിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ ഡ്രൈവിങ് ടെസ്റ്റാണ്. എന്നാല്‍ പല അപേക്ഷകരും കൃത്യമായി 8-ഉം എച്ചും പരിശീലിക്കാന്‍ പറ്റാതെ കാലാവധി നീണ്ടുപോകും. ഇങ്ങനെ പോയവരുടെ കണ്ണ് പരിശോധനയുടെ കാലാവധി തീരും.
ആറുമാസം കഴിഞ്ഞാല്‍ പുതിയ കണ്ണ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് ചട്ടം. എന്നാല്‍, പുതിയതിന് അപേക്ഷിക്കാതെ കാലാവധികഴിഞ്ഞ ഈ സര്‍ട്ടിഫിക്കറ്റുകളില്‍ തിരിമറി നടത്തിയതിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയത്. ലേണേഴ്‌സ് ടെസ്റ്റിനുള്ള അപേക്ഷയോടൊപ്പം നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ത്തന്നെ കംപ്യൂട്ടറില്‍ അപ്ലോഡ് ചെയ്യുകയാണ് പതിവ്