ദേശീയം
ഇ-മെയില്‍, വാട്‌സ്ആപ്പ് എന്നിവ വഴി ആധാര്‍ വിവരങ്ങള്‍ കൈമാറരുത്; മുന്നറിയിപ്പുമായി കേന്ദ്രം
ആധാര്‍ അപ്‌ഡേറ്റ്‌സുമായി ബന്ധപ്പെട്ട് രേഖകളോ, വിവരങ്ങളോ ഇ-മെയില്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ പങ്കുവെയ്ക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇ-മെയില്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ യുഐഡിഎഐ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തില്‍ വിവരങ്ങളും രേഖകളും തേടിയുള്ള തട്ടിപ്പുകളില്‍ വീഴരുതെന്നും യുഐഡിഎഐ ജാഗ്രതാനിര്‍ദേശം നല്‍കി.
ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഒന്നെങ്കില്‍ ആധാര്‍ സെന്ററുകളെ സമീപിക്കുക, അല്ലാത്തപക്ഷം മൈആധാര്‍ പോര്‍ട്ടല്‍ വഴി ആധാര്‍ അപ്‌ഡേറ്റ്‌സിനായി അപേക്ഷിക്കാവുന്നതാണെന്ന് യുഐഡിഎഐ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ കയറി നോക്കാവുന്നതാണ്.
ആധാറിലെ വിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റുന്നതിന് മൈആധാര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആധാര്‍ നമ്പറും കാപ്‌ചെ കോഡും ഒടിപിയും നല്‍കി വേണം ലോഗിന്‍ ചെയ്യാന്‍. തുടര്‍ന്ന് ഡോക്യുമെന്റ് അപ്‌ഡേറ്റ് സെക്ഷനില്‍ കയറി നിലവിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.