കേരളം
മലപ്പുറത്ത് പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചെന്ന് പരാതി
മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംചെയ്ത മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചെന്ന് പരാതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് കവറില്‍ കെട്ടിവച്ചെന്നും അത് പട്ടി കടിച്ച് വലിച്ചെന്നുമാണ് പരാതി ഉയര്‍ന്നത്. പ്ലാസ്റ്റിക് കവറിലെ മാലിന്യം പട്ടി കടിച്ച് വലിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ ചിത്രീകരിച്ചിരുന്നു.
എന്നാൽ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹ അവശിഷ്ടങ്ങൾ മോര്‍ച്ചറിക്ക് പുറത്ത് കവറിലാക്കി വയ്ക്കാറില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വശദീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനിശേഷം മുറി വൃത്തിയാക്കിയപ്പോള്‍ ഒഴിവാക്കിയ തുണിയും പഞ്ഞിയും ചെരുപ്പും അടക്കമുള്ള മാലിന്യങ്ങള്‍ നശിപ്പിക്കാൻ പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് വച്ചതാണെന്നും അതാണ് പട്ടി കടിച്ചതെന്നുമാണ് ഡി എം ഒയുടെ വിശദീകരണം.
അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് വളർത്തുനായകളുടെ ആക്രമണത്തിൽ കോഴിക്കോട് യുവതിക്ക് ഗുരുതര പരിക്കേറ്റിരുന്നു. കോഴിക്കോട് താമരശേരിയിൽ അമ്പായത്തോടിലാണ് വളർത്തുനായകൾ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. പ്രദേശവാസിയായ ഫൗസിയ എന്ന സ്ത്രീയ്ക്കാണ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. നടുറോഡിലിട്ട് നായകൾ സ്ത്രീയെ കടിച്ചു കീറുന്നതിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഫൗസിയ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
താമരശ്ശേരി വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിൻ്റെ ചെറുമകൻ റോഷൻ്റെ നായകളാണ് ഫൗസിയയെ ആക്രമിച്ചത്. ഫൗസിയയെ നായകളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കടി വിടാൻ ഇവ തയ്യാറായില്ല. വളരെ പണിപ്പെട്ടാണ് ഒടുവിൽ ആളുകൾ ഫൗസിയയെ രക്ഷിച്ചത്. നേരത്തേയും നിരവധിയാളുകൾക്ക് ഈ നായകളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിദേശയിനം നായകളെ അടച്ചിടാതെ തീർത്തും അശ്രദ്ധമായി അഴിച്ചുവിട്ടു വളർത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.