കേരളം
കുറിപ്പടിയില്ലാതെ മരുന്നു കൊടുക്കരുത്; മുന്നറിയിപ്പ് നൽകി ഡ്രഗ്‌സ് കണ്‍ട്രോളര്‍
ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പന നടത്തുന്ന ഔഷധ വ്യാപാരികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്. മരുന്നുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
അതേ സമയം കോവിഡ് ടെസ്റ്റുകള്‍ പരമാവധി ലാബുകളെ ആശ്രയിച്ച് ചെയ്യാന്‍ നിര്‍ദേശം. പരിശീലനമില്ലാതെ വീടുകളില്‍ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലത്തിലേക്ക് നയിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ ലാബുകളെ ആശ്രയിച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം വിലയിരുത്തി.
സെറിബ്രല്‍ പാള്‍സി, ഓട്ടിസം രോഗങ്ങള്‍ ഉള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുമതി നല്‍കും. സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിപ്പിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നല്‍കി. എന്നാല്‍ കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകള്‍ സംസ്ഥാന ശരാശരിക്കും താഴെയാണ്. കുട്ടികളുടെ വാക്‌സിനേഷനില്‍ സംസ്ഥാന ശരാശരി 66 ശതമാനമാണ്. എന്നാല്‍ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്‌സിനേഷന്‍ ശരാശരി സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്.
കുട്ടികളുടെ വാക്‌സിനേഷന്‍, രണ്ടാം ഡോസ് വാക്‌സിനേഷന്‍ എന്നിവ സംസ്ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ ജില്ലകള്‍ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് നടത്തണം. ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ജില്ലകളിലെ ആവശ്യത്തിനനുസരിച്ച് ഡയാലിസിസ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. സെക്രട്ടേറിയറ്റില്‍ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ പരിശീലന പരിപാടി ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ചിരുന്നു. ആര്‍. ആര്‍. ടി അംഗങ്ങളും പൊതുജനങ്ങളും ഉള്‍പ്പെടെ 60,000 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഇ ജാഗ്രതാ പോര്‍ട്ടലില്‍ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഓക്‌സിജന്‍ വിവരങ്ങള്‍, കിടക്കയുടെ ലഭ്യത എന്നിവ ആശുപത്രികള്‍ സമയബന്ധിതമായി നല്‍കണം.
കോവിഡ് വ്യാപന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ നടപ്പിലാക്കും. ജനുവരി 26 ന് ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, കോവിഡുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്ന പരിപാടിയില്‍ റെസിഡന്റ്‌സ് അസോസിയേഷനുകളോടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടും പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.