കേരളം
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച
കെഎസ്ആര്‍ടിസി ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച. ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് വൈകീട്ട് മൂന്നുമണിയ്ക്കാണ് ചര്‍ച്ച നടത്തുന്നത്. മന്ത്രിയുടെ ചേംബറില്‍ വെച്ചാണ് ചര്‍ച്ച.
മൂന്ന് അംഗീകൃത യൂണിയനുകളെയാണ് ചർച്ചയ്ക്ക് വിളിച്ചത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു.
ചർച്ചയിൽ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി സർക്കാരിൽ നിന്ന് 65 കോടി രൂപ മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ടിഡിഎഫും ബിഎംഎസും വെള്ളിയാഴ്ച സൂചനാ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രിക്കുള്ളിൽ ശമ്പളം ലഭിച്ചില്ലെങ്കിൽ പണിമുടക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം സർക്കാർ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവർഡാഫ്റ്റും ഉപയോഗിച്ചാണ് 19ാം തീയതി ശമ്പളം നൽകാനായത്.