Uncategorized
സംവിധായകൻ ശങ്കറിനെ വിലക്കണം; നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഹൈക്കോടതിയിൽ
തമിഴ് സംവിധായകൻ ശങ്കറിനെതിരെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഹൈക്കോടതിയിൽ. പുതിയ സിനിമകൾ ചെയ്യുന്നതിൽ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ടാണ്നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതേസമയം വിലക്കേർപ്പെടുത്താനാവില്ലെന്ന കോടതി വിധി സംവിധായകന് ആശ്വാസമായി.
കമല്‍ ഹാസനെ നായകനാക്കി ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 പൂര്‍ത്തിയാകാതെ മറ്റ് ചിത്രങ്ങള്‍ ചെയ്യുന്നത് വിലക്കണം എന്നായിരുന്നു ലൈക്കയുടെ ആവശ്യം. സിനിമയുടെ തുടക്കത്തില്‍ ചിത്രത്തിന്റെ ആകെ ബജറ്റ് 150 കോടിയാണെന്നാണ് പറഞ്ഞിരുന്നത്. ഇതുവരെ 236 കോടി രൂപ ചിത്രത്തിന് വേണ്ടി ചിലവഴിച്ചുവെങ്കിലും സിനിമ പൂര്‍ത്തിയായിട്ടില്ല. സംവിധായകന്‍ ഷങ്കറിന് 40 കോടിയാണ് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. അതില്‍ 14 കോടി നല്‍കി കഴിഞ്ഞു. ബാക്കി പ്രതിഫലമായ 26 കോടി കൂടി നൽകാൻ തയാറാണെന്നും നിർമാതാക്കൾ പറയുന്നു.
എന്നാൽ പുതിയ ചിത്രങ്ങൾ ചെയ്യുന്നത് വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സംവിധായകന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യൻ 2 ന്റെ 60 ശതമാനം പൂർത്തിയാക്കിയതാണ്. പല കാരണങ്ങൾകൊണ്ടും ഷൂട്ടിങ് നീട്ടിവെക്കേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ പുതിയ ചിത്രത്തിനുള്ള തയാറെടുപ്പിലാണ് ശങ്കർ.
അതോടെ ഇന്ത്യൻ 2 നെ ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് നിർമാതാക്കൾ. ദില്‍ രാജു നിര്‍മ്മിച്ച് രാം ചരണ്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷങ്കറാണ്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ഒരു ഹിന്ദി ചിത്രവും ഷങ്കര്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്.