കേരളം
തുടർച്ചയായി സാങ്കേതിക തകരാറുകൾ; സ്‌പൈസ് ജെറ്റിന് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്
തുടർച്ചയായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡിജിസിഎ. 18 ദിവസത്തിനിടെ സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് എട്ടു സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം ചൈനയിലേക്ക് സർവീസ് നടത്തിയ വിമാനത്തിലെ റഡാർ പ്രവർത്തനരഹിതമായത് അടക്കം മൂന്ന് സംഭവങ്ങളാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഡിജിസിഎയുടെ ഇടപെടൽ.
സുരക്ഷാ പരിശോധനയിലെ വീഴ്ചയും അറ്റകുറ്റപ്പണി യഥാസമയത്ത് നിർവഹിക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ. ഇത്തരം വീഴ്ചകൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതാണെന്നും നോട്ടീസിൽ പറയുന്നു. മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നാണ് ഡിജിസിഎയുടെ നോട്ടീസുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം. ചെറിയ സുരക്ഷാ വീഴ്ച പോലും വിശദമായി അന്വേഷിക്കുമെന്നും വ്യോമയാന മന്ത്രി ട്വീറ്റ് ചെയ്തു.
റഡാർ പ്രവർത്തനരഹിതമായതിനെ തുടർന്ന് കൊൽക്കത്തയിൽ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനമാണ് തിരിച്ചിറക്കിയത്. ചൊവ്വാഴ്ച തന്നെയാണ് ഡൽഹിയിൽ നിന്ന് ദുബൈയിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കിയതും കാണ്ട്‌ല- മുംബൈ വിമാനത്തിന്റെ വിൻഡ് ഷീൽഡിലെ പൊട്ടൽ ശ്രദ്ധയിൽപ്പെട്ടതും.